1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ആണ്ടിൽ ഏലയുടെ മകനായ ഹോശേയ യിസ്രായേലിന്നു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു.
2 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.
3 അവന്റെ നേരെ അശ്ശൂർ രാജാവായ ശൽമനേസെർ പുറപ്പെട്ടുവന്നു; ഹോശേയ അവന്നു ആശ്രിതനായിത്തീർന്നു കപ്പം കൊടുത്തുവന്നു.
4 എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്റെ അടുക്കൽ ദൂതന്മാരെ അയക്കയും അശ്ശൂർരാജാവിന്നു ആണ്ടുതോറുമുള്ള കപ്പം കൊടുത്തയക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂർ രാജാവു അവനിൽ ദ്രോഹം കണ്ടിട്ടു അവനെ പിടിച്ചു ബന്ധിച്ചു കാരാഗൃഹത്തിൽ ആക്കി.
5 അശ്ശൂർരാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
6 ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂർരാജാവു ശമര്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാൻ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
7 യിസ്രായേൽമക്കൾ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്റെ കൈക്കീഴിൽനിന്നു വിടുവിച്ചു മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തു അന്യദൈവങ്ങളെ ഭജിക്കയും
8 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു ഇങ്ങനെ സംഭവിച്ചു.
9 യിസ്രായേൽമക്കൾ തങ്ങളുടെ ദൈവമായ യഹോവെക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാപട്ടണങ്ങളിലും പൂജാഗിരികൾ പണിതു.
10 അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിൻ കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
11 യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവർ സകലപൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവർത്തിച്ചു.
12 ഈ കാര്യം ചെയ്യരുതു എന്നു യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവർ ചെന്നു സേവിച്ചു.
13 എന്നാൽ യഹോവ സകലപ്രവാചകന്മാരും ദർശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദയോടും: നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു ഞാൻ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്റെ ദാസന്മാരായ പ്രവാചകന്മാർമുഖാന്തരം നിങ്ങൾക്കു അയച്ചുതന്നതുമായ ന്യായപ്രമാണത്തിന്നൊത്തവണ്ണമൊക്കെയും എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിൻ എന്നു സാക്ഷീകരിച്ചു.
14 എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,
15 അവന്റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോടു അവൻ ചെയ്ത നിയമത്തെയും അവൻ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവർ വ്യാജത്തെ പിന്തുടർന്നു വ്യർത്ഥന്മാരായിത്തീർന്നു; അവരെപ്പോലെ ആചരിക്കരുതു എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെ തന്നേ അവർ പിന്തുടർന്നു.
16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.
17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു.
18 അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.
19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചുനടന്നു.
20 ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കയ്യിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.
21 അവൻ യിസ്രായേലിനെ ദാവീദുഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ യഹോവയെ വിട്ടുമാറുമാറാക്കി അവരെക്കൊണ്ടു വലിയോരു പാപം ചെയ്യിച്ചു.
22 അങ്ങനെ യിസ്രായേൽമക്കൾ യൊരോബെയാം ചെയ്ത സകലപാപങ്ങളിലും നടന്നു.
23 അവർ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രാവചകന്മാരായ തന്റെ സകലദാസന്മാരുംമുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.
24 അശ്ശൂർരാജാവു ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവ്വയീം എന്നിവിടങ്ങളിൽനിന്നു ആളുകളെ വരുത്തി യിസ്രായേൽമക്കൾക്കു പകരം ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ചു; അവർ ശമര്യകൈവശമാക്കി അതിന്റെ പട്ടണങ്ങളിൽ പാർത്തു.
25 അവർ അവിടെ പാർപ്പാൻ തുടങ്ങിയപ്പോൾ യഹോവയെ ഭജിച്ചില്ല; അതുകൊണ്ടു യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.
26 അപ്പോൾ അവർ അശ്ശൂർ രാജാവിനെ അറിയിച്ചതു: നീ കുടിനീക്കി ശമര്യാപട്ടണങ്ങളിൽ പാർപ്പിച്ച ജാതികൾ ആദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കകൊണ്ടു അവൻ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവർ ആ ദേശത്തിലെ ദൈവത്തിന്റെ മാർഗ്ഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.
27 അതിന്നു അശ്ശൂർ രാജാവു: നിങ്ങൾ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിൻ; അവർ ചെന്നു അവിടെ പാർക്കയും അവർ ആ ദേശത്തെ ദൈവത്തിന്റെ മാർഗ്ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.
28 അങ്ങനെ അവർ ശമര്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തൻ വന്നു ബേഥേലിൽ പാർത്തു; യഹോവയെ ഭജിക്കേണ്ടുന്ന വിധം അവർക്കു ഉപദേശിച്ചുകൊടുത്തു.
29 എങ്കിലും അതതു ജാതി താന്താന്റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാർത്തുവന്ന പട്ടണങ്ങളിൽ ശമര്യർ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
30 ബാബേൽകാർ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാർ നേർഗാലിനെ ഉണ്ടാക്കി; ഹമാത്ത്കാർ അശീമയെ ഉണ്ടാക്കി;
31 അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും ഉണ്ടാക്കി; സെഫർവ്വക്കാർ സെഫർവ്വയീംദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു.
32 അവർ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽനിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവർ അവർക്കു വേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗംകഴിക്കയും ചെയ്യും.
33 അങ്ങനെ അവർ യഹോവയെ ഭജിക്കയും തങ്ങൾ വിട്ടു പുറപ്പെട്ടുപോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
34 ഇന്നുവരെയും അവർ മുമ്പിലത്തെ മര്യാദപ്രകാരം തന്നേ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാർഗ്ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേർവിളിച്ച യക്കോബിന്റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചുനടക്കുന്നതുമില്ല.
35 യഹോവ അവരോടു ഒരു നിയമം ചെയ്തു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ അന്യദൈവങ്ങളെ ഭജിക്കയും അവെക്കു യാഗം കഴിക്കയും ചെയ്യാതെ
36 നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവന്നു മാത്രം യാഗം കഴിക്കയും വേണം.
37 അവൻ നിങ്ങൾക്കു എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങൾ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുതു.
38 ഞാൻ നിങ്ങളോടു ചെയ്ത നിയമം നിങ്ങൾ മറക്കരുതു; അന്യദൈവങ്ങളെ ഭജിക്കയുമരുതു.
39 നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങൾ ഭജിക്കേണം; എന്നാൽ അവൻ നിങ്ങളെ നിങ്ങളുടെ സകലശത്രുക്കളുടെയും കയ്യിൽനിന്നു വിടുവിക്കും.
40 എങ്കിലും അവർ കേൾക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചുനടന്നു.
41 അങ്ങനെ ഈ ജാതികൾ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാർ ചെയ്തതുപോലെ പുത്രന്മാരും പൌത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.